ഹൃദയമാണ് ഹൃദ്യം: മാഡം ഇതുപോലെ ഒരു മോൾ എനിക്കും ഉണ്ട് * കാത്തിരിപ്പിന് വിരാമമിട്ട് മന്ത്രിയുടെ അടിയന്തര ഇടപെടൽ

ഹൃദ്യം പദ്ധതിയിൽ രജിസ്‌ട്രേഷൻ നടത്തി ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ലെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ആലപ്പുഴയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുട്ടിയെ സന്ദർശിച്ചശേഷം മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് ഹൃദ്യം പദ്ധതിയിൽ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് രക്ഷിതാവായ പ്രകാശ് പങ്കുവെച്ചത്. അദ്ദേഹം നേരിട്ട ബുദ്ധിമുട്ടിൽ മന്ത്രി ഖേദം അറിയിക്കുകയും സത്വര നടപടിയ്ക്ക് നിർദേശം നൽകുകയും ചെയ്തു.

‘മാഡം ഇതുപോലെ ഒരു മോൾ എനിക്കും ഉണ്ട് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ ആദ്യത്തെ സർജറി ലിസി ഹോസ്പിറ്റലിൽ ചെയ്തു. ഇപ്പോൾ ലിസി ഹൃദ്യത്തിൽ നിന്നും ഒഴിവായപ്പോൾ അമൃതയിലാണ് കാണിക്കുന്നത്. ഇപ്പോൾ അവിടെത്തെ ഡോക്ടമാർ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. ഞാൻ പാലക്കാട് ഹൃദ്യത്തിൽ കാത്തിനുള്ള രജിസ്‌ട്രേഷൻ ചെയ്തിട്ട് ഒരു മാസമായി. അവർ ഉടനെ റെഡി ആവും എന്നു പറയുന്നതല്ലാതെ വെറെ ഒന്നും പറയുന്നില്ല. ഡോക്ടർമാർ പറയുന്നത് ഉടനെ കാത്ത് ചെയ്യണമെന്നാണ്. മാഡത്തിന് ഇതിൽ ഒന്നു ഇടപ്പെടാൻ സാധിക്കുമോ.’ എന്നായിരുന്നു പ്രകാശിന്റെ കമന്റ്.

ഉടൻ തന്നെ മന്ത്രി അദ്ദേഹത്തിന് മറുപടി നൽകി. ‘സ്റ്റേറ്റ് നോഡൽ ഓഫീസർ അങ്ങയെ കോൺടാക്ട് ചെയ്യും. അങ്ങേയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം അറിയിക്കുന്നു. ലിസി ഹോസ്പിറ്റൽ നിലവിൽ ഹൃദ്യം എംപാനൽഡ് തന്നെയാണ്. എന്താണ് ഉണ്ടായതെന്ന് പരിശോധിച്ചു പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്’

തുടർന്ന് മന്ത്രി ഹൃദ്യം സ്റ്റേറ്റ് നോഡൽ ഓഫീസറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി. അൽപസമയത്തിനുള്ളിൽ പ്രകാശിന്റെ മറുപടി വന്നു. ‘മാഡം വളരെയധികം നന്ദി. പാലക്കാട് നോഡൽ ഓഫീസർ വിളിച്ചിട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച്ച തന്നെ അപ്പോയിന്റ്മെന്റ് തരുകയും ചെയ്തു. നന്ദി മാഡം. ജീവിതത്തിൽ മറക്കില്ല മാഡത്തിനെയും ഈ ഗവൺമെന്റിനെയും.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!