ശബരി പാതയ്‌ക്ക് തടസം ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി: അശ്വിനി വൈഷ്ണവ്

ന്യൂദല്‍ഹി: അങ്കമാലി-എരുമേലി ശബരി പാതയ്‌ക്ക് തടസമാകുന്നത് ഭൂമി ഏറ്റെടുക്കലിലും പാത അലൈന്‍മെന്റിലും നേരിടുന്ന പ്രതിസന്ധിയും പദ്ധതിക്കെതിരെ ഫയല്‍ ചെയ്ത കേസുകളുമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലായ്മയും പദ്ധതിക്ക് തടസമാണ്. ജോണ്‍ ബ്രിട്ടാസിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.

1997-98ല്‍ അങ്കമാലി – ശബരിമല പദ്ധതിക്ക് അനുമതി ലഭിച്ചു. അങ്കമാലി – കാലടി (7 കി.മീ) ദൈര്‍ഘ്യമുള്ള ജോലികളും കാലടി – പെരുമ്പാവൂര്‍ (10 കി.മീ) നീളമുള്ള ലീഡ് ജോലികളും ഏറ്റെടുത്തു. എസ്റ്റിമേറ്റ് ചെലവ് 3801 കോടിയായി ഉയര്‍ത്തി 2023 ഡിസംബറില്‍ എസ്റ്റിമേറ്റ് അംഗീകരിക്കാനും പദ്ധതി ചെലവ് പങ്കിടാനുള്ള സന്നദ്ധതയ്‌ക്കുമായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. 2024 ആഗസ്തില്‍ സംസ്ഥാനം സോപാധിക സമ്മതം അറിയിച്ചു. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍, റെയില്‍വേ മന്ത്രാലയം, ആര്‍ബിഐ എന്നിവ തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ കേരളത്തോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, പദ്ധതിച്ചെലവിന്റെ 50 ശതമാനം വിഹിതം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാന്‍ റെയില്‍വേ മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ റെയില്‍ പദ്ധതികള്‍ക്കും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബജറ്റ് വിഹിതം, 2009-14ല്‍ പ്രതിവര്‍ഷം 372 കോടിയായിരുന്നത് 2025-26 ബജറ്റില്‍ 3,042 കോടി രൂപയാക്കി. എട്ട് മടങ്ങ് വര്‍ദ്ധന. കേരളത്തിലെ പദ്ധതികളുടെ നിര്‍വഹണം ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം തടസപ്പെട്ടു. സംസ്ഥാനത്തെ റെയില്‍പദ്ധതികള്‍ക്ക് 476 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ 73 ഹെക്ടര്‍ (15%) മാത്രമാണ് ഏറ്റെടുത്തത്. 403 ഹെക്ടര്‍ ഭൂമി (85%) ഏറ്റെടുത്ത് നല്‍കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി റെയില്‍വേ സംസ്ഥാന സര്‍ക്കരിന് 2112 കോടി അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!