ഏവിയേഷൻ മേഖലയിൽ പരിശീലനം പൂർത്തിയാക്കുന്ന എല്ലാവർക്കും തൊഴിൽ ഉറപ്പ്
പ്രൈഡ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഏവിയേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
കേരള നോളെജ് ഇക്കോണമി മിഷനും സാമൂഹ്യ നീതി വകുപ്പും സംയുക്തമായാണ് ഏവിയേഷൻ മേഖലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പാണ് എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ട്രാൻസ് വ്യക്തികളെ ചേർത്ത് പിടിക്കുക എന്നത് സർക്കാർ നയമാണ്. കേരള നോളെജ് ഇക്കോണമി മിഷൻ ആണ് ഈ ഉദ്യമത്തിന് മുൻ കൈയെടുത്തതെന്ന് മന്ത്രി പറഞ്ഞു .
പ്രതിസന്ധികളിലും അവഹേളനങ്ങളിലും ജീവിതത്തിൽ നിന്ന് ഒളിച്ചോടാതെ കരുത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അസാപ്പ് കേരളയും-ജിഎംആർ എയ്റോ അക്കാദമിയുമാണ് സ്‌കില്ലിങ് പങ്കാളികളായി പരിശീലനം നിർവഹിക്കുന്നത്. ആദ്യഘട്ടം എന്ന നിലയിൽ എയർപോർട്ട് ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ് കോഴ്‌സാണ് തിരഞ്ഞെടുക്കപ്പെട്ട ട്രാൻസ് വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ പിന്തുണയോടെ നൽകുന്നത്. ആറുപേരാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. കോഴ്‌സ് ഫീസ് സൗജന്യമായിരിക്കും. മൂന്നുമാസമാണ് കോഴ്സ് കാലാവധി. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന മുഴുവൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഏവിയേഷൻ മേഖലയിൽ തൊഴിൽ ഉറപ്പാക്കും.
സാമൂഹ്യനീതി വകുപ്പ് സാകല്യം പദ്ധതിയുടെ ഭാഗമായി 7,98,140.00 ലക്ഷം രൂപ സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻസ് (സി എ ഒ)പരിശീലനത്തിനായി അനുവദിച്ചിരുന്നു. കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓൺലൈൻ, ഓഫ്ലൈൻ ഓറിയന്റേഷനുകൾ സംഘടിപ്പിക്കുകയും ആവശ്യമായ മെന്ററിങ്, മാനസിക പിന്തുണ എന്നിവ നോളെജ് ഇക്കോണമി മിഷൻ ഉറപ്പാക്കുകയും ചെയ്യുന്നു.
കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടന്ന പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. അദൃശ്യരായി നിൽക്കുന്ന മനുഷ്യരെ കണ്ടെത്തി ഒപ്പം നിർത്തി മുന്നോട്ടുപോകുമ്പോഴാണ് നമ്മൾ മനുഷ്യരായി മാറുന്നത്. ആ ഒരു സമീപനം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കാൻ ജി എം ആർ ഏവിയേഷൻ അക്കാദമി തയ്യാറായി എന്നത് വളരെ സന്തേഷം നൽകുന്നു എന്ന് അധ്യക്ഷപ്രസംഗത്തിൽ ശ്രീകല പറഞ്ഞു.
ഉദ്ഘാടന പരിപാടിയിൽ കേരള നോളെജ് ഇക്കോണമി മിഷൻ ഡി ഐ മാനേജർ പ്രിജിത്ത് പി കെ സ്വാഗതം പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, ജി.എം.ആർ ഏവിയേഷൻ അക്കാദമി. ഹെഡ് & വൈസ് പ്രസിഡന്റ് എയർ മാർഷൽ കെ അനന്തരാമൻ, സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ നേഹ ചെമ്പകശ്ശേരി, ശ്യാമ എസ് പ്രഭ, ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ ഷെറിൻ ആന്റണി, അമൃത എന്നിവർ സംസാരിച്ചു. അസാപ്പ് കേരള പ്രോഗ്രാം മാനേജർ ബിബിൻ ദാസ് ഇ.ഡി നന്ദി പറഞ്ഞു.

Get stable access to casino platforms even during ISP restrictions.