തിരുവനന്തപുരം : ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍.മലയാളികള്‍ ഹൃദയത്തോട് ഇത്രത്തോളം ചേര്‍ത്തുവച്ച മറ്റൊരു മറുഭാഷാ ഗായകന്‍ വേറെ ഉണ്ടാകില്ല. റഫിയുടെ മാന്ത്രികസ്വരം ആസ്വാദകരെ മായികവലയത്തിലാക്കി. പ്രണയവും വിരഹവും വിഷാദവുമെല്ലാം അതില്‍ നിറഞ്ഞൊഴുകി.
ചെറിയൊരു വിങ്ങല്‍ തങ്ങിനില്‍ക്കുന്നതുപോലുള്ള സ്വരമാണ് റഫിയെ ലക്ഷക്കണക്കിന് ഹൃദയങ്ങളിലേക്ക് വലിച്ചടുപ്പിച്ചത്. അര്‍ത്ഥവും ആഴവും അറിഞ്ഞുള്ള ഭാവസാന്ദ്ര ആലാപനം റഫിയെ പ്രേക്ഷക മനസിലെ ഗന്ധര്‍വനാകക്കി. അക്ഷരാര്‍ത്ഥത്തില്‍ ഗന്ധര്‍വ ഗായകനായിരുന്നു മുഹമ്മദ് റഫി.1941-ല്‍, പതിനേഴാം വയസ്സില്‍ ‘ഗുല്‍ ബലൂച് ‘ എന്ന പഞ്ചാബി ചിത്രത്തില്‍, ശ്യാം സുന്ദര്‍ ഈണം പകര്‍ന്ന യുഗ്മഗാനം പാടിയാണ് റഫിയുടെ തുടക്കം. ‘ഗാവോം കീ ഗോരി’യിലൂടെ 1945-ല്‍ ഹിന്ദിയിലേക്ക്. സംഗീത സംവിധായകന്‍ നൗഷാദാണ് റഫിയെ പിന്നീട് കൈപിടിച്ചുയര്‍ത്തിയത്. ആയിരത്തില്‍പരം സിനിമകള്‍ക്കായി 25,000-ത്തില്‍പരം ഗാനങ്ങള്‍ റഫി പാടി. ‘തളിരിട്ട കിനാക്കള്‍’ എന്ന മലയാള സിനിമയില്‍ ‘ശബാബ് ലേ കേ വോ ജാനി ശബാബ്’ എന്ന ഗാനവും റഫി പാടി. നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും ആ മാന്ത്രികസ്വരം ആരാധകരെ പിടിച്ചുലയ്ക്കുകയാണ്.