മുംബൈ : യുപിഐ ഉപഭോക്താക്കൾക്ക് ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങുന്നു. ഇപ്പോൾ അക്കൗണ്ടിൽനിന്ന് പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻനമ്പറിനുപകരം മുഖം തിരിച്ചറിഞ്ഞുള്ളതോ വിരലടയാളമുപയോഗിച്ചുള്ളതോ ആയ തിരിച്ചറിയൽ സംവിധാനമാണ് വരാനിരിക്കുന്നത്.
നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയസംവിധാനം തയ്യാറാക്കുന്നത്. ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. പിൻ നമ്പർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാകും.നിലവിൽ പരീക്ഷണഘട്ടത്തിലുള്ള സംവിധാനം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും നടപ്പാക്കുക.രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയർത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവർഷത്തോളമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണ്. വിവിധ തേഡ്പാർട്ടി കമ്പനികളുമായി ഇതിന്റെ സാധുത പരിശോധിച്ചിട്ടുണ്ടെന്നാണ് വിവരം. അവരുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്.