കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻഡ്യ (സി.ആര്‍.ഐ.) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി.
നിർബന്ധിത മത പരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികൾക്ക് നേർക്ക് ആൾക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. സന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം മതസ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വർഗ്ഗീയവാദികൾ നടത്തിയ ആക്രമണമാണ്.
മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയും പോലീസിൻ്റെ സാന്നിധ്യത്തിൽ പോലും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്തത് ന്യായീകരിക്കാനാവുന്നതല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടവും പോലീസും മാറുന്നത് അപകടകരമാണ്. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ സി.ആര്‍.ഐ. യും കാഞ്ഞിരപ്പള്ളി രൂപത അല്മായ സംഘടന ഏകോപന വേദിയും സന്യാസിനിമാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഭരണഘടന നൽകുന്ന പരിരക്ഷ ലഭ്യമാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
