റായ്പൂരിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

റായ്‌പൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻസ് കോടതിയിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.

മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷനിൽ‌ വലിയ പ്രതിഷേധം ഉണ്ടായി. കന്യാസ്ത്രീകളോടൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് പോകുന്നതെന്നും പെൺകുട്ടികൾ പറഞ്ഞിരുന്നു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ‌ ആളുകളെ കാണിച്ചിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെൺ‌കുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ പൊലീസ് തടഞ്ഞു. മൂന്ന് മണിക്ക് ശേഷം അനുമതി ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതോടെ ദുർഗ് ജയിലിന് മുന്നിൽ നേതാക്കൾ പൊലീസുമായി തർക്കം നടന്നു. എംപിമാർക്ക് എങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടു. നാളെ രാവിലെ ഒമ്പതുമണിക്കെത്താൻ നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!