കോട്ടയം: വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി.
2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് വിവാഹാവശ്യത്തിനായി കാർ വാടകയ്ക്കെടുക്കേണ്ടിവന്നു. 2023 ആദ്യം കമ്പനി ഈ മോഡൽ കാറുകളുടെ വിൽപന നിർത്തലാക്കിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ അഡ്വാൻസ് തുക തിരിച്ചുനൽകുകയോ ചെയ്തില്ല. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഡെലിവറി തീയതി താത്കാലികമായി മാത്രമേ നൽകിയിട്ടുള്ളൂവെന്നും ബുക്ക് ചെയ്ത വേരിയന്റ് നിർത്തലാക്കിയ കാര്യം പരാതിക്കാരനെ കൃത്യമായി അറിയിച്ചിരുന്നുവെന്നുമുള്ള എതിർകക്ഷികളുടെ വാദം തെളിവുകളില്ലാത്തതിനാൽ കമ്മിഷൻ അംഗീകരിച്ചില്ല. വാഹനത്തിന്റെ നിർമാണം നിർത്തുന്ന വിവരം ഡീലറെ മുൻകൂട്ടി അറിയിക്കുകയും ബുക്കിംഗ് സ്വീകരിക്കരുതെന്നു നിർദ്ദേശിക്കുകയും ചെയ്യേണ്ടിയിരുന്നെന്നും ഡീലറുടെ വീഴ്ചകൾക്ക് വാഹന നിർമാതാവായ ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് പൂർണമായും ബാധ്യസ്ഥരാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ സമ്മതമോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഏകപക്ഷീയമായി ഓർഡർ റദ്ദാക്കിയത് സേവനം നൽകുന്നതിലെ പോരായ്മയും അനുചിത വ്യാപാര നയമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഡീലറായ പോപ്പുലർ ഹ്യൂണ്ടായ് അഡ്വാൻസ് തുകയായ 10000 രൂപ പണം നൽകിയ തീയതി മുതൽ 12 ശതമാനം നിരക്കിൽ തിരികെ നൽകണമെന്നും പരാതിക്കാരനുണ്ടായ മാനസിക വേദനയ്ക്കും അസൗകര്യത്തിനും നഷ്ടപരിഹാരമായി ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ നൽകണമെന്നുമാണ് അഡ്വ. വി.എസ്. മനുലാൽ പ്രഡിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
