പത്തനാട്- കുളത്തൂർമൂഴി റോഡ് നിർമാണപ്രവൃത്തികൾ ഉടൻ തുടങ്ങും

കോട്ടയം: കുളികൾ നിറഞ്ഞ് ഒട്ടേറെ അപകടങ്ങൾ ഉണ്ടായ പത്തനാട്- കുളത്തൂർമൂഴി റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാക്കുന്നതിനുള്ള നിർമാണപ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജാണ് ഇതുസംബന്ധിച്ച പ്രശ്‌നം ജില്ലാവികസനസമിതിയോഗത്തിൽ ഉന്നയിച്ചത്.
ഗർത്തസമാനമായ കുഴികൾ രൂപപ്പെട്ടതിനേത്തുടർന്ന് ധാരാളം അപകടങ്ങൾ ഉണ്ടാകുന്നതായി ഡോ.എൻ .ജയരാജ് ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല പദ്ധതിയിലുൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.
കാഞ്ഞിരപ്പള്ളി കോടതിവളപ്പിൽ മതിൽ നിർമാണത്തിന് തടസ്സമായിക്കിടക്കുന്ന തടികൾ മാറ്റുന്നതിനും മരങ്ങൾ മുറിച്ചുമാറ്റുന്നതിനും വീണ്ടും ലേലം നടത്തുന്നതിന് യോഗം നിർദേശം നൽകി. പൊന്തൻപുഴ വനത്തിൽക്കൂടിയുള്ള രണ്ടു കിലോമീറ്റർ ദൂരം വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകളാക്കുന്നതിനുള്ള പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സർക്കിൾ അധികൃതർ അറിയിച്ചു.
തകർന്നുകിടക്കുന്ന ഇറഞ്ഞാൽ- തിരുവഞ്ചൂർ റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടൽ തിരുവഞ്ചൂർ മുതൽ മോസ്‌കോ വരെയുള്ള ഭാഗത്ത് ഓഗസ്റ്റ് പകുതിയോടെ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അതു കഴിഞ്ഞാലുടനേ ടാറിംഗ് നടത്താൻ പൊതുമരാമത്തുവകുപ്പിന് യോഗം നിർദ്ദേശം നൽകി. ബാക്കി റീച്ചുകൾ സംബന്ധിച്ച് വാട്ടർ അതോറിറ്റിയും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധന നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. ഈരയിൽക്കടവ് ബൈപ്പാസിൽ മാലിന്യം തള്ളുന്നത് തടയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം മാലിന്യം നീക്കാൻ നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മാങ്ങാനം ഇന്ദിരാ നഗർ, മുട്ടമ്പലം ഭാഗത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന എം.എൽ.എയുടെ പരാതി പരിശോധിക്കാൻ ജലവിതരണവകുപ്പധികൃതർക്ക് നിർദ്ദേശം നൽകി.
ചങ്ങനാശ്ശേരി നഗരസഭയിൽ നിലാവ് പദ്ധതിപ്രകാരം സ്ഥാപിച്ച തെരുവുവിളക്കുകളിൽ പലതും കത്തുന്നില്ലെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ഇത് പരിശോധിച്ച് ഒരാഴ്ചയ്ക്കകം വിളക്കുകൾ തെളിക്കാൻ നടപടിയെടുക്കണമെന്ന് യോഗം വൈദ്യുതി വകുപ്പധികൃതർക്ക് നിർദ്ദേശം നൽകി.
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. പരിസരത്തെ പാഴ്മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് ഓഫീസിൽനിന്ന് അനുമതി കിട്ടിയാലുടൻ മുറിച്ചുമാറ്റുമെന്നും കെ.എസ്.ആർ.ടി.സി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കെ. ഫ്രാൻസീസ് ജോർജ് എം.പി ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. എം.പി. പദ്ധതികളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. എസ്. ശ്രീജിത്ത്, പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, കെ. ഫ്രാൻസീസ് ജോർജ് എം.പിയുടെ പ്രതിനിധി അഡ്വ. ടി.വി. സോണി, ജി്ല്ലാ തല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ:
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന ജില്ലാവികസനസമിതി യോഗം. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. എസ്. ശ്രീജിത്ത് എന്നിവർ ചിത്രത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!