കണമല: ശബരിമല പാതയിലെ കണമല അട്ടിവളവിലെ തുടരുന്ന അപകടങ്ങളില്‍ തീര്‍ത്ഥാടകരുടെ ജീവനുകള്‍ പൊലിയുമ്പോഴും സംസ്ഥാന സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ മൗനം തുടരുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി .അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണം.

കേരളത്തില്‍ തന്നെ അപകട ഹോട്ട്‌സ്‌പോട്ട് ആയി മാറിയിരിക്കുകയാണ് കണമല അട്ടിവളവ്. മതേതരത്വത്തെക്കുറിച്ച് വാചകം അടിക്കുന്ന പൊതുമരാമത്ത് മന്ത്രി ശബരിമല തീര്‍ത്ഥാടകരെ കുരുതി കൊടുക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. കൊടും വളവും കുത്തനെയുള്ള ഇറക്കവും അട്ടിവളവിനെ അപകട മേഖലയാക്കുന്നു. ഇപ്പോഴത്തെ ഈ അപകടത്തിലേക്ക് നയിച്ചത് ജല അതോറിറ്റിയുടെ ജോലിയുടെ ഭാഗമായി വന്ന വീഴ്ച കൂടിയാണ്.
അട്ടിവളവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവിധ അപകടങ്ങളിലായി 40 പേരോളമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കൂടുതല്‍ വാഹനങ്ങളും ശബരിമലയിലേക്ക് എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെതാണ്.
കണമല അപകടരഹിതമാക്കാന്‍ സമാന്തര പാത നിര്‍മിക്കലും, നിലവിലുള്ള പാത വളവ് നിവര്‍ത്തി സുരക്ഷിതമാക്കുകയുമാണ് പോംവഴി. ഇത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. സമാന്തര പാതയ്‌ക്കായി ചില നടപടികള്‍ ഉണ്ടായെങ്കിലും ഒന്നും ഫലപ്രദമായില്ല.പാതയോരത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചുവെങ്കിലും എല്ലാം തകര്‍ന്ന അവസ്ഥയിലാണ്. ശബരിമല സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് വിളിച്ചുചേര്‍ക്കുന്ന പ്രഹസനയോഗങ്ങളില്‍ ഇതൊന്നും കടന്നു വരാറില്ല.
ഇനിയെങ്കിലും സംസ്ഥാനപാതയിലെ അപകട കെണി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ ആയി ചില നടപടികളുമായി മുന്നോട്ടുവരുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. ബോട്ട് ദുരന്തം ഉണ്ടാവുമ്പോഴും നായ് ശല്യം വര്‍ധിക്കുമ്പോഴും, എല്ലാം ഈ പി ആര്‍ പ്രവര്‍ത്തനം കേരളം നേരിട്ടു കണ്ടിട്ടുള്ളതാണെന്ന് എന്‍ ഹരി ചൂണ്ടിക്കാട്ടി