കൊച്ചി: ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവും 2000 രൂപ പിഴയും ശിക്ഷ . ആലുവ ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനെയാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ശിക്ഷിച്ചത്. 2024 ല്‍ രണ്ട് ജഡ്ജിമാരെയും വിമര്‍ശിച്ച് ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റുകളിട്ടിരുന്നു. കോടതി ഇടപെടലിനെത്തുടര്‍ന്ന് അന്ന് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട ഇയാള്‍, മാപ്പു പറച്ചില്‍ ഒരു തന്ത്രമായിരുന്നുവെന്ന് വിശേഷിപ്പിച്ച് പുതിയ പോസ്റ്റ് ഇട്ടത് കോടതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും
കേസെടുത്തത്. ജഡ്ജിമാര്‍ അഭിഭാഷകരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നവരും സ്വന്തം സ്ഥാനക്കയറ്റത്തിനു വേണ്ടി പെരുമാറുന്നവരുമാണെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജഡ്ജിമാരെ ഇകഴ്‌ത്തുന്നതും പൊതുജനം മധ്യത്തില്‍ കോടതിയുടെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ തീരുമാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം വിമര്‍ശനങ്ങളെന്നും ഇത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.