എരുമേലി :ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അതേപോലെതന്നെ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തീർത്ഥാടക സഹായകേന്ദ്രമായ ഇടത്താവളത്തിന്റെ പണിയും അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എരുമേലിയിൽ ഡിടിപിസിയുടെ കീഴിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിൽ 1 കോടി രൂപ അനുവദിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒന്നരക്കോടി രൂപ കൂടി പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ അനുവദിച്ച് BM&BC നിലവാരത്തിൽ എരുമേലിക്ക് പുതിയ ബൈപ്പാസും (ഓരുങ്കൽ കടവ് – കരിമ്പിൻ തോട് റോഡ് ) നിർമ്മിച്ചു. എരുമേലി ടൗണിൽ സ്ഥിതിചെയ്യുന്ന സൗത്ത് വില്ലേജ് ഓഫീസിന് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. നിയമ തടസ്സങ്ങൾ പരിഹരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി വരുന്നു. എരുമേലി ടി.ബി ക്കും 1.70 കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിച്ചു.
ഇപ്രകാരമുള്ള വികസന പ്രവർത്തനങ്ങളോടപ്പം എരുമേലി മാസ്റ്റർ പ്ലാനിന് ഒന്നാം ഘട്ടമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഈ തുക ഉപയോഗിച്ച് താഴെപ്പറയുന്ന പ്രവർത്തികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
* വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ പുതിയ ശുചിമുറി സമുച്ചയം
* തീർത്ഥാടകർക്ക് സ്നാനത്തിനുള്ള പ്രത്യേക ബാത്തിങ് ഏരിയ. ( ഒരേസമയം 260 ഓളം പേർക്ക് കുളിക്കാനുള്ള സൗകര്യം)
* ഓവർഹെഡ് വാട്ടർ ടാങ്ക്.
* കൊച്ചമ്പലവും വാവര് പള്ളിയും തമ്മിൽ ബന്ധിപ്പിച്ച് ഫ്ലൈ ഓവർ.
* കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും പേരൂർത്തോട് വരെ പരമ്പരാഗത തീർത്ഥാടക പാതയുടെ നവീകരണം.
* ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ 5 റിംഗ് റോഡുകളുടെ വികസനം.(താഴെപ്പറയുന്ന റോഡുകളാണ് റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്)
1. എരുമേലി ബസ് സ്റ്റാൻഡ്- നേർച്ചപ്പാറ – ആനിക്കുഴി- ഉറുമ്പിൽ പാലം റോഡ്
2. ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ്
3. എം.ടി എച്ച്എസ് – എൻ.എം എൽപിഎസ് -, കാരിത്തോട് റോഡ്
4. പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ്
5. എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി -ചരള റോഡ്)
മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടിട്ടുള്ള പദ്ധതികളുടെ പ്രാഥമിക രൂപരേഖകൾ ഉൾപ്പെടുത്തിയ പദ്ധതി രേഖ എരുമേലി പഞ്ചായത്ത് ഹാളിൽ വച്ച് പ്രകാശനം ചെയ്തു.
