കൊല്ലം വെടിക്കുന്നിന് ശാശ്വത തീരസംരക്ഷണം: 9.8 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

കൊല്ലം: കൊല്ലം ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തീരദേശ ഹൈവേയ്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളി ഭവനങ്ങൾ വർഷങ്ങളായി ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ വർഷത്തെ കാലവർഷത്തിലും ഇവിടെ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായുള്ള പദ്ധതിരൂപരേഖ തയ്യാറാക്കാൻ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ (KSCADC) ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ഐ.ഐ.ടി. മദ്രാസിന്റെ മാതൃകാ പഠനം പൂർത്തിയാക്കുകയും, പുലിമുട്ടുകളും ടെട്രാപോഡുകളും ഉപയോഗിച്ചുള്ള തീരസംരക്ഷണം നിർദ്ദേശിക്കുകയും ചെയ്തു.

ഐ.ഐ.ടി. മദ്രാസിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ 60 മീറ്റർ നീളത്തിലുള്ള രണ്ട് പുലിമുട്ടുകളും 30 മീറ്റർ നീളത്തിലുള്ള നാല് പുലിമുട്ടുകളുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുലിമുട്ടുകൾ ടെട്രാപോഡുകൾ ഉപയോഗിച്ച് ആവരണം ചെയ്യുന്നത് ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ സഹായിക്കും. ഈ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിലൂടെ, വെടിക്കുന്ന് പ്രദേശം അഭിമുഖീകരിക്കുന്ന കഠിനമായ കടലാക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!