നവകാല തൊഴിലവസരങ്ങള്‍ ഐ.ടി ക്യാമ്പസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം  ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ഉറപ്പാക്കുന്നു.
രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ തുടങ്ങുകയാണ്. നവകാല തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ധനകാര്യവകുപ്പ്  മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ലക്ഷ്യത്തിന്റെ തുടര്‍ച്ചയാണ്  പുതുസംരംഭവും.

ജൂലൈ രണ്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.

ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.   റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം..പരിപാടിയില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും.

കൊടിക്കുന്നില്‍ സുരേഷ് എം.പി, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ സി.ഇ.ഒ ശൈലേഷ് കുമാര്‍ ധാവേ, ആര്‍ ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, സഹ സ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി ജി. തോമസ്, പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!