തിരുവനന്തപുരം : 30 ജൂൺ 2025
കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള, ഇന്ത്യൻ ഓയിലിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത്, നാളെ (2025 ജൂലൈ 1) സംഘടിപ്പിക്കുന്ന സ്വച്ഛതാ വാരാചരണം കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ, ശുചിത്വവും പരിസ്ഥിതി സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന പ്രധാന സംരംഭങ്ങൾക്ക് കേന്ദ്ര സഹമന്ത്രി നേതൃത്വം നൽകും. ഫ്രാൻസിസ് ജോർജ്ജ് എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആശംസകൾ നേരും.
ഉദ്ഘാടനത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുട്ടികൾക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടതിന് ശേഷം സ്കൂളിൽ ഇന്ത്യൻ ഓയിൽ സ്ഥാപിച്ച സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററിന്റേയും മാലിന്യ നിർമ്മാർജ്ജന ബിന്നുകളുടേയും വിർച്വൽ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിക്കും.
ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിദ്യാർഥികൾക്കുള്ള വൃക്ഷത്തൈകളും ചടങ്ങിൽ വിതരണം ചെയ്യും. വൃക്ഷത്തൈ നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ പരിസ്ഥിതി വിദഗ്ധൻ ശ്രീമാൻ നാരായൺ വിശദീകരിക്കും. എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ സ്വാഗതവും ഇന്ത്യൻ ഓയിൽ എച്ച് ആർ വിഭാഗം ഡി ജി എം ശ്രീമതി ബീന മേനോൻ നന്ദിയും പറയും.
