എരുമേലി : നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കി എംഎൽഎ മുൻകൈയെടുത്ത് വിശദമായ പദ്ധതി തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപ അനുവദിക്കപ്പെട്ടത്. പ്രസ്തുത തുക ഉപയോഗിച്ച് ഉന്നതിയിലെ വീടുകളിൽ വിദ്യാർത്ഥികൾ ഉള്ള വീടുകൾക്ക് അധികമായി പഠനമുറി, ഉന്നതിയിലെ വീടുകളുടെ വയറിങ്, പ്ലംബിംഗ്, വീടുകളുടെ മെയിന്റനൻസ്, കിണറുകളുടെ പുനരുദ്ധാരണം, സംരക്ഷണഭിത്തികളുടെ നിർമ്മാണം എന്നിവ വ്യക്തിഗത ആനുകൂല്യങ്ങൾ എന്നുള്ള നിലയിൽ ഓരോ കുടുംബവുമായി ബന്ധപ്പെട്ട് നടപ്പിലാക്കും. കൂടാതെ ഉന്നതിയിൽ ഇപ്പോഴുള്ള കമ്മ്യൂണിറ്റി ഹാൾ വിപുലീകരണം, നിലവിലുള്ള റോഡിന്റെ കോൺഗ്രീറ്റിംഗ്, പൊതു കിണറിന്റെ മെയിന്റനൻസ്, മുതലായവ പൊതുവായി നടത്തും. ഇപ്രകാരം മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും, ഓരോ കുടുംബത്തിനും ആവശ്യങ്ങൾ നിർവഹിക്കത്തക്ക വിധവും ആണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന നിർമ്മിതികേന്ദ്രമാണ് ഏറ്റെടുത്തിട്ടുള്ളത്. ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഊരുമൂപ്പൻ കേളൻ ഗോപി അധ്യക്ഷത വഹിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ സജു എസ്, പഞ്ചായത്ത് മെമ്പർമാരായ എം.എസ് സതീഷ്, മറിയാമ്മ ജോസഫ്, സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം റീജണൽ എൻജിനീയർ ടോമിച്ചൻ കെ. ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജയേഷ് കെ.വി എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇതിനോടകം എരുത്വാപ്പുഴ കൂടാതെ മൂക്കൻപ്പെട്ടി, കനകപ്പലം, ഇരുമ്പൂന്നിക്കര, ചെറുമല, മുറികല്ലുംപുറം, കൊമ്പുകുത്തി എന്നീ ഉന്നതികളിലും നഗറുകളിലും ഓരോ കോടി രൂപ പ്രകാരം അനുവദിച്ച് അംബേദ്കർ ഗ്രാമം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് എന്നും എംഎൽഎ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനും പുരോഗതിക്കും സംസ്ഥാന ഗവൺമെന്റ് ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു.
