വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്ന പാപ്പമാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നിടത്ത് വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. മെയ് പതിനൊന്നാം തീയതി ഞായറാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ പ്രിയോർ ജനറൽ, ഫാ. അലെഹാന്ദ്രോ മൊറാൽ സഹകാർമികത്വം വഹിച്ചു. വിശുദ്ധ പത്രോസിന്റെ കല്ലറ സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള അൾത്താരയിലാണ്, വിശുദ്ധ ബലിയർപ്പിച്ചത്.
തന്റെ വചന സന്ദേശത്തിൽ, മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെ ആവശ്യകത പാപ്പ അടിവരയിട്ടു പറഞ്ഞു. മാതൃദിനമായിരുന്ന, ഞായറാഴ്ച അമ്മമാരെ കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശിച്ചു. ദൈവസ്നേഹത്തിന്റെ ഏറ്റവും അത്ഭുതകരമായ പ്രകടനങ്ങളിലൊന്ന് അമ്മമാർ തങ്ങളുടെ കുട്ടികളോടും പേരക്കുട്ടികളോടും കാണിക്കുന്ന വാത്സല്യവും സ്നേഹവുമെന്ന് പാപ്പ പറഞ്ഞു. പത്രോസിനടുത്ത അജപാലന ശുശ്രൂഷ ആരംഭിക്കുമ്പോൾ, നമ്മുടെ ആശ്രയകേന്ദ്രമായ യേശുക്രിസ്തുവിന്റെ മാതൃക ഒന്ന് മാത്രമാണ് തന്റെ പ്രചോദനമെന്നു പാപ്പ പറഞ്ഞു.
ദൈവവിളിയുടെ പ്രാധാന്യത്തെയും പാപ്പാ അനുസ്മരിച്ചു. യുവാക്കളായ ആളുകളെ ദൈവവിളി ശ്രവിക്കുന്നതിനായി ക്ഷണിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഒരു നല്ല മാതൃക നൽകുകയും, സന്തോഷത്തോടെ സുവിശേഷത്തിന്റെ സന്തോഷത്തിൽ ജീവിക്കുകയും, മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതെ കർത്താവിന്റെ ശബ്ദം കേൾക്കാനും അത് പിന്തുടരാനും സഭയിൽ തുടർന്ന് സേവിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യണമെന്ന് പാപ്പ ഓർമ്മപ്പെടുത്തി. വിശുദ്ധ കുർബാനയ്ക്കു ശേഷം അൽപ്പസമയം തന്റെ മുൻഗാമികളുടെ കല്ലറകൾക്കു മുൻപിൽ പാപ്പ പ്രാർത്ഥിക്കുവാനും സമയം കണ്ടെത്തി.
