കവന്‍ട്രി : ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളി ചിങ്ങവനം കൊണ്ടൂര്‍ സ്വദേശി ഫിലിപ്പ് കുട്ടി എന്ന അച്ചായന് അകാല വിയോഗം സംഭവിച്ചു. മെയ് മാസം 20 ന് നാട്ടില്‍ എത്താന്‍ നേരത്തെ റ്റിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ റ്റിക്കറ്റ് കാന്‍സല്‍ ചെയ്ത് മെയ് 1 വ്യായാഴ്ച്ച രാത്രി തന്നെ ലണ്ടന്‍ – ഡല്‍ഹി വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. എന്നാല്‍ വഴി മദ്ധ്യേ ഹൃദയ വേദന അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മാതാവിന്റെ മരണ വിവരമറിഞ്ഞ് ഫിലിപ്പ് കുട്ടിയുടെ പുല്ലരിക്കുന്ന് സ്വദേശിനിയായ
ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബേസിംഗ്സ്റ്റോക് മലയാളികളുടെ പ്രിയപ്പെട്ട അച്ചായനായി നിറഞ്ഞ് നിന്ന ശ്രീ ഫിലിപ്പ് കുട്ടി ഇനി കൂടെയില്ലെന്ന് ഇന്നലെയും നീണ്ട സംഭാഷണം നടത്തിയ പ്രദേശ വാസികള്‍ക്ക് നെഞ്ചില്‍ കത്തുന്ന വേദനയായി മാറുകയാണ്.
ഭാര്യയേയും കുട്ടിയേയും നേരത്തെ വിമാനത്തില്‍ കയറ്റി വിടുകയും അടുത്ത ഡല്‍ഹി വിമാനത്തില്‍ ഫിലിപ്പ് കുട്ടി നാട്ടിലേക്ക് പോവുകയും ആയിരുന്നു. എന്നാല്‍ വിമാനത്തില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മുംബൈയിലെ ഹോസ്പിറ്റലിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
മെയ് 20 ന് ആയിരുന്നു ശ്രീ ഫിലിപ്പ് കുട്ടിയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ റ്റിക്കറ്റ് എടുത്തിരുന്നത്. അതു മാറ്റി കിട്ടില്ലെന്നും അപ്പോഴേ പോകുന്നുള്ളൂവെന്നും സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് റ്റിക്കറ്റ് ബുക്ക് ചെയ്തതും നാട്ടിലേക്ക് പോയതും. പിന്നാലെ ശ്രീ ഫിലിപ്പ് കുട്ടി വരുന്നത് കാത്തിരുന്ന വീട്ടുകാര്‍ അറിഞ്ഞത് മരണ വാര്‍ത്തയുമാണ്.
ഭാര്യാ മാതാവ് പുല്ലരിക്കുന്നിലെ കടവില്‍ ശ്രീമതി സൂസമ്മ എബ്രഹാമിന്റെയും (76 വയസ്സ്) അവരുടെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് വന്ന ശ്രീ ഫിലിപ്പ് കുട്ടിയും മരണത്തിന് കീഴടങ്ങിയപ്പോള്‍ രണ്ടു വേര്‍പാടുകള്‍ക്ക് കണ്ണീര്‍ പൊഴിക്കുകയാണ് കുടുംബം.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.