ന്യൂഡൽഹി : ആധാറില്‍ കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം. എല്ലാം ഉടന്‍ അടിമുടി മാറും.Aadhaar verification: ആധാര്‍ കാര്‍ഡില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ വെരിഫിക്കേഷന്‍ എളുപ്പമാക്കുക എന്ന ലക്ഷ്യമാണ് ആപ്പ് പുറത്തിറക്കാന്‍ കാരണം. ക്യൂആര്‍ കോഡുകള്‍ വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതു പോലെ സിമ്പിള്‍ ആയിരിക്കും ആപ്പ് വഴിയുള്ള ആധാര്‍ വേരിഫിക്കേഷന്‍ എന്നു മന്ത്രി വ്യക്തമാക്കി.
ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള തല്‍ക്ഷണ വെരിഫിക്കേഷനും, പ്രാമാണീകരണവും ആണ് ആപ്പിന്റെ ഹൈലൈറ്റ്. തത്സമയ ഫേസ് ഐഡിയും ആപ്പിന്റെ പ്രത്യേകതയാണ്. പുതിയ ആപ്പ് പൂര്‍ണമായി സജ്ജമാകുന്നതോടെ ഫിസിക്കല്‍ ആധാര്‍ കാര്‍ഡുകളും, ഫോട്ടോകോപ്പികളും കൊണ്ടു നടക്കേണ്ട സാഹചര്യം പൂര്‍ണമായും ഒഴിവാക്കാനാകും. ഒരുപക്ഷെ ആധാര്‍ കാര്‍ഡ് പൂര്‍മണമായും ഡിജിറ്റല്‍ ആയി മാറിയേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.ഫിസിക്കല്‍ കാര്‍ഡുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയും ഇതോടെ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. പുതിയ ആപ്പിനെ പറ്റി സാമൂഹിക മാധ്യമായ എക്‌സിലും മന്ത്രി വാചാലനായി. ‘ഇപ്പോള്‍ ഒരു ടാപ്പ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഡാറ്റകള്‍ മാത്രം പങ്കിടാന്‍ കഴിയും. ഇത് അവരുടെ വ്യക്തിഗത വിവരങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നു. പുതിയ ആധാര്‍ ആപ്പ് ബീറ്റ പരിശോധനാ ഘട്ടത്തിലാണ്.’- മന്ത്രി പറഞ്ഞു.ഉപയോക്താക്കള്‍ക്ക് ആധാര്‍ സ്‌കാനിംഗ്, ഫോട്ടോകോപ്പി എടുക്കല്‍ തുടങ്ങിയ നടപടികളില്‍ നിന്നുള്ള രക്ഷകൂടിയാണ് പുതിയ ആപ്പ്. ഹോട്ടല്‍ റിസപ്ഷനുകളിലോ, കടകളിലോ, യാത്രയ്ക്കിടെയോ ആധാര്‍ ഫോട്ടോകോപ്പി കൈമാറേണ്ട ആവശ്യം ഇല്ലാതാകും. ഇത്തരം സാഹര്യങ്ങളില്‍ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ആപ്പിന്റെ വരവോടെ ഇല്ലാതാകും.
ഉപയോക്താവിന്റെ സമ്മതം കൂടാതെ ആധാര്‍ വിവരങ്ങള്‍ പങ്കിടാന്‍ ആപ്പ് അനുവദിക്കുകയില്ല. കൂടാതെ ആവശ്യമായ വിവരങ്ങള്‍ മാത്രമായും പങ്കിടാന്‍ കഴിയും. ആധാര്‍ ആപ്പ് ശക്തമായ സ്വകാര്യത ഉറപ്പാക്കുകയും, ആധാര്‍ ഡാറ്റയുടെ ദുരുപയോഗം അല്ലെങ്കില്‍ ചോര്‍ച്ച നിയന്ത്രിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം ബീറ്റ ഘട്ടത്തിലുള്ള ആപ്പ് എന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്നു വ്യക്തമല്ല. ആപ്പിന്റെ പ്രധാന്യം കണക്കാക്കുമ്പോള്‍ അധികം വൈകില്ലെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.ആധാര്‍ ഉപയോഗിച്ച് സേവന വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാനങ്ങള്‍, ബന്ധപ്പെട്ട മറ്റ് അധികൃതര്‍ എന്നിവരുമായി ഇക്കഴിഞ്ഞ ദിവസം യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു യോഗം ചേര്‍ന്നിരുന്നു. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ന്യൂഡല്‍ഹിയില്‍ നടന്ന ‘ആധാര്‍ സംവാദ്’ എന്ന പരിപാടിയില്‍ ഏകദേശം 750 മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍, മേഖലാ നേതാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ പങ്കെടുത്തു.