തിരുവനന്തപുരം :പിഴവുകളില്ലാതെ ഭൂമിയേറ്റെടുക്കൽ,പുനരധിവാസം ,സാമൂഹികാഘാതപഠന റിപ്പോർട്ട് ഉൾപ്പെടയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സൂക്ഷ്മപരിശോധന നടത്തുന്നതിന് ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് ഫയലുകൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ .കെ എം എബ്രഹാം ഐ എ എസ് മുമ്പാകെ .റവന്യൂ, ഗതാഗതം, ധനം, വനം വകുപ്പുമന്ത്രിമാർ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പുതല സെക്രട്ടറിമാരുൾപ്പെടെ യോഗം ചേർന്നിരുന്നു .
മാർച്ചിൽ ഭരണാനുമതി കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. വിമാനത്താവളത്തിനുവേണ്ടി 2263 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കാൻ സാമൂഹികാഘാതപഠനത്തിന്റെ അന്തിമറിപ്പോർട്ട് ശുപാർശചെയ്തിരുന്നു. റിപ്പോർട്ട് വിലയിരുത്തിയ വിദഗ്ധസമിതി പുനരധിവാസം ഉറപ്പാക്കി പദ്ധതിക്ക് ശുപാർശ നൽകി.
ഈ ശുപാർശസഹിതമുള്ള ഫയലാണ് ഭരണാനുമതിക്കായി റവന്യൂ വകുപ്പ് തയ്യാറാക്കിയത്.
2024-ൽ ആദ്യം തയ്യാറാക്കിയ സാമൂഹികാഘാത റിപ്പോർട്ട്, അതിനെത്തുടർന്ന് വന്ന വിജ്ഞാപനം എന്നിവയിൽ എസ്റ്റേറ്റ് ഉടമയായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേര് പരാമർശിക്കാത്തതിനാൽ ചോദ്യംചെയ്യപ്പെട്ടു. ട്രസ്റ്റ് നൽകിയ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ, തെറ്റ് സമ്മതിച്ച സർക്കാർ പഠനവും വിജ്ഞാപനവും റദ്ദാക്കുകയായിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എല്ലാം ആദ്യംമുതൽ തുടങ്ങേണ്ടിവന്നു.
വകുപ്പുകളുടെ പുനഃപരിശോധന, പിഴവുകൾ ഒഴിവാക്കാനാണെന്ന് റവന്യൂ വകുപ്പ് സൂചിപ്പിച്ചു. നടപടികൾ വൈകില്ല. എസ്റ്റേറ്റ് ഭൂമിയുടെ മുൻ ക്രയവിക്രയങ്ങൾ, പാലാ കോടതിയിൽ എസ്റ്റേറ്റിന്റെ ഉടമാവകാശത്തിനായി സർക്കാർ നൽകിയ സിവിൽ കേസ് തുടങ്ങിയ വിവരങ്ങളൊക്കെ പരിശോധിക്കും.
ഇത് പൂർത്തിയായാൽ ഭൂമി ഏറ്റെടുക്കലിനുള്ള 8(2) പ്രകാരമുള്ള പ്രീ നോട്ടിഫിക്കേഷൻ, ഭരണാനുമതിക്കൊപ്പം വരും. ഇത് കഴിഞ്ഞാൽ പദ്ധതിപ്രദേശം അളന്നുതിരിച്ച് അടയാളപ്പെടുത്തണം. ഭൂമി ഏറ്റെടുക്കൽ നിയമം 11(1) സെക്ഷൻ പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമാണ് പിന്നീട് വരുക.
പിഴവുകൾ എന്തെങ്കിലും ഉണ്ടോ എന്ന സൂക്ഷ്മ പരിശോധന നടത്തുവാനാണ് മുഖ്യമന്ത്രിയുടെ പ്രത്യേക പ്രിൻസിപ്പൽ സെക്രട്ടറി ഡോ .കെ എം എബ്രഹാം ഐ എ എസിനെ ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത് .പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിശോധനയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയൽ എത്തിയാൽ ഉടൻ വിമാനത്താവള നിർമ്മാണ പദ്ധതികൾ വേഗത്തിലാകും .
