തിരുവനന്തപുരം : 2025 മാർച്ച് 30
56-ാമത് സി ഐ എസ് എഫ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 6553 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലത്തോൺ റാലി നാളെ (31-03-25) കന്യാകുമാരിയിൽ സമാപിക്കും. സി ഐ എസ് എഫ് ഇൻസ്പെക്ടർ ജനറൽ ജോസ് മോഹൻ ഐപിഎസ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നാളെ രാവിലെ തിരുവനന്തപുരം, തുമ്പ, വിക്രം സാരാഭായി സ്പേസ് സെന്ററിൽ സൈക്ലത്തോണിന് സ്വീകരണം നൽകും. സൈക്ലത്തോണിന്റെ സമാപന ചടങ്ങുകൾ വൈകുന്നേരം കന്യാകുമാരി സ്വാമി വിവേകാനന്ദ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ സി ഐ എസ് എഫ് ഡയറക്ടർ ജനറൽ രജ്വീന്ദർ സിംഗ് ഭാട്ടി പങ്കെടുക്കും. ഈ മാസം ഏഴിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്ത സൈക്ലത്തോൺ 25 ദിവസം പിന്നിട്ടാണ് നാളെ കന്യാകുമാരിയിൽ സമാപിക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പശ്ചിമ തീരപാതയിലൂടെ 3,800 കിലോമീറ്ററും പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കിഴക്കൻ തീര പാതയിലൂടെ 2,750 കിലോമീറ്ററും താണ്ടിയാണ് സൈക്ലത്തോൺ കന്യാകുമാരിയിൽ എത്തുന്നത്. 14 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 125 സിഐഎസ്എഫ് സൈക്ലിസ്റ്റുകൾ നയിക്കുന്ന റാലിയിൽ രജിസ്റ്റർ ചെയ്ത 1100 സൈക്ലിസ്റ്റുകളും പങ്കാളികളായി.
തീരദേശ സുരക്ഷ, ലഹരിക്കടത്ത്, സമുദ്രാതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ തീരദേശ സമൂഹത്തിൻ്റെ പിന്തുണ ഉറപ്പാക്കുകയും അവബോധം വളർത്തുകയുമാണ് സുരക്ഷിത തീരം സമൃദ്ധ ഭാരതം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൈക്ലത്തോണിൻ്റെ ലക്ഷ്യം. സൈക്ലത്തോൺ റാലിയിലും അനുബന്ധ പരിപാടികളിലും ഇതു വരെ 25 ലക്ഷം പേർ നേരിട്ടും 2 കോടിയിലേറെ പേർ ഓൺലൈനിലൂടെയും പങ്കാളികളായി. 50 ലധികം പ്രദേശിക മത്സ്യ ബന്ധന സമൂഹങ്ങളുമായും സ്കൂൾ വിദ്യാർഥികളുമായും സൈക്ലത്തോൺ സംഘം ആശയവിനിമയം നടത്തി. തീരദേശ സുരക്ഷയ്ക്കായി ജാഗ്രതയോടെയും ഐക്യത്തോടെയും പ്രവർത്തിക്കുക എന്ന സന്ദേശമാണ് സൈക്ലത്തോൺ പങ്കു വെക്കുന്നത്. കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണയോടെയാണ് സൈക്ലത്തോൺ സംഘടിപ്പിക്കുന്നത്. സി ഐ എസ് എഫ് – ഡി ഐ ജി ആർ. പൊന്നി ഐപിഎസ്, സീനിയർ കമാൻഡൻ്റ് അഭിഷേക് ചൗധരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
