വണ്ടിപ്പെരിയാർ പാലം പൈതൃക നിർമിതിയായും അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ഇടുക്കി : പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമിതിയായും പീരുമേട് മണ്ഡലത്തിലെ കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വണ്ടിപ്പെരിയാര്‍ പാലത്തിന്‌ ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത്‌ പ്രായോഗികമല്ല. അതിനാൽ ഇടുക്കി ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിർമിതിയായി പ്രഖ്യാപിച്ച്‌ സംസ്ഥാന ആര്‍ട്ട്‌ ആന്‍ഡ്‌ ഹെറിറ്റേജ്‌ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ്‌ നിര്‍ദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക്‌ പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!