കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാട്ടർ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാൻ ശനിയാഴ്ച ചേർന്ന ജില്ലാ വികസനസമിതിയോഗം നിർദേശം നൽകി. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടാങ്കുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി.
റോഡുകൾ പൊളിച്ച് പലയിടത്തും പൈപ്പ് ഇട്ടു. എന്നാൽ ടാങ്ക്് പണിത് വെള്ളമെത്തിക്കാത്തതിനാൽ റോഡ് നന്നാക്കാനാകുന്നില്ല. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം തുടങ്ങാത്തതിനെയും അദേഹം വിമർശിച്ചു. വാഴൂർ പഞ്ചായത്തിലെ ജലസംഭരണിയുടെ നിർമാണം പുരോഗമിക്കുകയാണെന്നും മറ്റു മൂന്നു സംഭരണികളുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികളായതായും ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
റോഡരികിൽ അപകടകരമായി നിൽക്കുന്നതായി കണ്ടെത്തിയ മരങ്ങൾ മുറിച്ചു മാറ്റിയതായും ലേലം നടത്തി മുറിക്കേണ്ടവയുടെ പട്ടിക തയ്യാറാക്കിയതായും പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പിള്ളി ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള പാറപൊട്ടിക്കൽ പരാതിയേത്തുടർന്ന് നിർത്തിവെച്ചത് നിർമാണത്തെ ബാധിക്കുന്നയായുള്ള പരാതിയിൽ തുടർനടപടിയെടുക്കാൻ ജിയോളജി വകുപ്പും റവന്യൂ വകുപ്പും വ്യാഴാഴ്ച സംയുക്ത പരിശോധന നടത്തുമെന്നും ജില്ലാവികസനസമിതി അറിയിച്ചു.
തിരുനക്കര ഉത്സവത്തിനുമുമ്പ് തിരുനക്കര റിങ് റോഡ് നന്നാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലെ എം.എൽ. റോഡ് ഉൾപ്പെടെ പലയിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത് ജനങ്ങൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. കുടിവെള്ള പൈപ്പുകൾ ഇടാനായി വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി പൊതുമരാമത്തുവകുപ്പിന് കൈമാറണം. തോടുകളിലെ പോള നീക്കാനെടുത്ത നടപടികൾ ഫലപ്രദമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായത് ഗൗരവത്തോടെയെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം കൂടിയ പശ്ചാത്തലത്തിൽ എ.ബി.സി. സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലയിൽ മൂന്നിടത്ത് എ.ബി.സി. സെന്ററുകൾ തുടങ്ങാൻ നടപടി ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
ചങ്ങനാശ്ശേരി ളായിക്കാട്ടെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് വാഹനമിടിച്ച് തകർന്നിട്ട് രണ്ടാഴ്ചയായിട്ടും പുനസ്ഥാപിച്ചിട്ടില്ല എന്ന് ജോബ് മൈക്കിൾ എം.എൽ.എ. ചൂണ്ടിക്കാട്ടി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ സൗരോർജ തൂക്കുവേലികളും കിടങ്ങുകളും നിർമിക്കുന്ന ജോലി വേഗത്തിൽ പൂർത്തിയാക്കുമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ചോദ്യത്തിനു മറുപടിയായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഈരാറ്റുപേട്ട മിനി സിവിൽ സ്‌റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മെഡിക്കൽകോളേജു വഴി കെ.എസ്്.ആർ.ടി.സി. ബസ് സർവീസ് ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്രാൻസീസ് ജോർജ് എം.പി കഴിഞ്ഞ യോഗത്തിൽ ഉന്നയിച്ച വിഷയത്തിനു പരിഹാരമായി. കോട്ടയത്തുനിന്ന് രാത്രി പത്തുമണിക്കു പാലായിലേക്കുള്ള സർവീസ് മെഡിക്കൽ കോളജു വഴിയാക്കിയതായി കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.
കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനായി വിഭാവനം ചെയ്യുന്ന പദ്ധതിയേക്കുറിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ വിശദികരിച്ചു. എല്ലാ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.