പത്തനംതിട്ട : ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യു (38)വിനാണ് ആസിഡ് വീണ് മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസിയും അമ്മാവനുമായ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസ് (55) പിടിയിലായി. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇയാൾക്കും അമ്മാവൻ ബിജു വർഗീസിനും കൂലിപ്പണിയാണ്. ഇരുവരും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവു പോലെ മദ്യപിക്കുമ്പോൾ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് വർഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. വർഗീസിന്റെ വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണ് പൊള്ളലേറ്റു. പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.