എരുമേലി: അടുത്ത ദിവസം എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ വനത്തിലേക്ക് കയറ്റിവിടുന്നത് ഉഗ്രവിഷമുള്ള 20 മൂർഖൻ പാമ്പുകളെ. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നാട്ടുകാർ അറിയിച്ചത് പ്രകാരം പിടികൂടിയതാണ് ഇത്രയും മൂർഖൻ പാമ്പുകളെ. പാമ്പുകളുടെ ആവാസ വ്യവസ്ഥയ്ക്ക് യോജിച്ച വനപ്രദേശത്തേക്ക് ഇവയെ അടുത്തദിവസം കയറ്റി വിടുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.വനംവകുപ്പിന്റെ സർപ്പ വോളണ്ടിയർമാരും എമർജൻസി സ്നേക് റെസ്ക്യൂ ടീമിലെ അംഗങ്ങളുമായ സിയാദ് തെക്കേകരയും നൗഷാദ് വെള്ളൂപറമ്പിലും ആരിഫ് വാഴയിലും ചേർന്ന് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പിടികൂടിയതാണ് ഇത്രയും പാമ്പുകളെ. വനംവകുപ്പിന്റെ വണ്ടൻപതാൽ റാപ്പിഡ് റെസ്പോൺസ് ടീമിന് ഇവർ പാമ്പുകളെ കൈമാറി ഇപ്പോൾ വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്.അഞ്ച് അടിയിൽ കൂടുതൽ നീളമുള്ള പാമ്പുകളാണ് ഏറെയും. വേനൽച്ചൂടും ഇണകൂടൽ സീസണും ആയതിനാലാണ് മൂർഖൻ പാമ്പുകൾ മാളങ്ങളിൽനിന്ന് വെളിയിൽ ഇറങ്ങുന്നതെന്ന് വനപാലകർ പറയുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ പാമ്പുകളെ കണ്ടാൽ7383800108, 9947889846, 9447288836, 9744444640, 9961019292 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കണമെന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് വിഭാഗം അറിയിച്ചു.
