ഷാരോണ്‍ വധക്കേസിലെ ശിക്ഷ ഇന്ന്

നെയ്യാറ്റിന്‍കര : ഷാരോണ്‍രാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും. സുഹൃത്തായ ഷാരോണ്‍രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. രാവിലെ 11-ന് സെഷന്‍സ് കോടതിയാണ് വിധിപറയുക.പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്റെ വാദം. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!