കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍

തൃശ്ശൂര്‍ : കലാമണ്ഡലത്തിന്റെ  ആദ്യത്തെ മലയാളി നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം  പ്രതികരിച്ചു.”വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമായാണ് കാണുന്നത്,” ആര്‍.എല്‍.വി. രാമകൃഷ്ണന്‍  പറഞ്ഞു.
1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് എംഎ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!