പെരിയ കൊലക്കേസ്: മുൻ എം.എൽ.എ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് വർഷം വരെ തടവുശിക്ഷയെങ്കിൽ സ്റ്റേ നൽകാമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. അപ്പീല്‍ സ്വീകരിച്ച ഹൈകോടതി ശിക്ഷ മരവിപ്പിക്കുകയായിരുന്നു. സി.ബി.ഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹരജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സി.പി.എം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.കഴിഞ്ഞ ദിവസം പാർട്ടി നേതാക്കൾക്കളെ ശിക്ഷിച്ച നടപടിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വന്നത്. പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 10 പ്രതികൾക്ക് രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!