കായികമേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതി വരുന്നു

തിരുവനന്തപുരം: കായികസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്‌പോര്‍ട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടര്‍ഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനമാനദണ്ഡം രൂപവത്കരിക്കാന്‍ സ്‌പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. വരുന്ന നിയമസഭാസമ്മേളനത്തില്‍ നിയമമാക്കാനാണ് ശ്രമം.അടിസ്ഥാനസൗകര്യവികസനം, കായിക അക്കാദമികളുടെ നിര്‍മാണം, കായികമേളാ നടത്തിപ്പ് എന്നിവയില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കും. ഇക്കാര്യങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താന്‍ 2013-ല്‍ രൂപവത്കരിച്ച കേരള സ്‌പോര്‍ട്സ് ഫൗണ്ടേഷനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളെന്ന നിലയില്‍ ചുമതലപ്പെടുത്തും. സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ഘടനയിലും മാറ്റംവരുത്തും. സെക്രട്ടറിയായി കായിക യുവജനകാര്യ ഡയറക്ടറെ നിയമിക്കണമെന്നാണ് ഭേദഗതി.സംസ്ഥാന കായികവികസനനിധിയില്‍ സ്വകാര്യവ്യക്തികളില്‍നിന്നും സംഘടനകള്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതിയും നിയമത്തില്‍ ഉള്‍പ്പെടുത്തും. കായികവികസനനിധിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുഖ്യമന്ത്രിയായിരിക്കും. കായികസംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധനത്തിലും പലിശയിലും സബ്സിഡി നല്‍കാന്‍ ചട്ടങ്ങള്‍ തയ്യാറാക്കും.നിയമപരമായി അംഗീകരിച്ച ഓണ്‍ലൈന്‍ സ്‌പോര്‍ട്സ്, ഗെയിംസ് എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും. ഇ-സ്‌പോര്‍ട്സ് മേളകളും സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ നേതത്വത്തില്‍ സംഘടിപ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ സ്‌പോര്‍ട്സ് ഇനവേഷന്‍ സോണ്‍ രൂപവത്കരിക്കും.സ്‌പോര്‍ട്സ് മെഡിസിന്‍, സ്‌പോര്‍ട്സ് എന്‍ജിനിയറിങ് എന്നിവയെ പ്രോത്സാഹിപ്പിക്കും. കായികതാരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ കായികഗവേഷകരും കായികവിശകലന വിദഗ്ധരും പോഷകാഹാരവിദഗ്ധരും ഉള്‍പ്പെട്ട സംഘം രൂപവത്കരിക്കും. സ്‌പോര്‍ട്സ് മ്യൂസിയങ്ങളും ലൈബ്രറികളും സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!