ആലപ്പുഴയിൽ ദിവസങ്ങൾക്കുമുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ : കെട്ടിയിട്ട നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ കാട്ടൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡിൽ കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺ കുട്ടിയുടെ ഭാര്യ തങ്കമ്മയെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് വീട്ടമ്മയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായെന്നാണ് പൊലീസിന്റെ നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അക്രമി പട്ടാപ്പകൽ വീട്ടമ്മയെ കുടകൊണ്ട് മർദ്ദിച്ച് ബോധം കെടുത്തിയതിനുശേഷം ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെയെത്തിയ മകനാണ് വായിൽ തുണി തിരുകിയ നിലയിൽ ബോധരഹിതയായി അമ്മയെ കാണുന്നത്. വീടിന്റെ പ്രധാന വാതിൽ പൂട്ടിയതിനുശേഷമാണ് അക്രമി മടങ്ങിയത്. അമ്മയെ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാൽ അടുക്കള വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് കെട്ടിയിട്ട നിലയിൽ മകൻ കണ്ടെത്തിയത്. മോഷണ ശ്രമമാണെന്നാണ് കരുതിയതെങ്കിലും ആഭരണങ്ങൾ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!