തുഷാരഗിരിയിലെ മഴവിൽച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു

കോഴിക്കോട് : തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവിൽച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. മഴക്കാലം തുടങ്ങി വെള്ളം കൂടുതലായ സാഹചര്യത്തിലായിരുന്നു രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങൾ കാണാൻ സന്ദർശകർക്കുള്ള അനുമതി നിർത്തിവെച്ചിരുന്നത്. ഇപ്പോൾ വെള്ളം കുറഞ്ഞ സാഹചര്യത്തിലാണ് വെള്ളച്ചാട്ടങ്ങൾ കാണാൻ സന്ദർശകർക്കുള്ള അനുമതി പുനഃസ്ഥാപിച്ചത്.താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ ആഷിഖ് അലി.യു അറിയിച്ചു. മൂന്ന് വെള്ളച്ചാട്ടങ്ങളിൽ നിലവിൽ ഒന്നാം വെള്ളച്ചാട്ടം മാത്രമാണ് സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നത്.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഈ നിരക്കിൽ മൂന്ന് വെള്ളച്ചാട്ടവും സന്ദർശകർക്ക് കാണാവുന്നതാണ്. ഒന്നാം വെള്ളച്ചാട്ടത്തിൽനിന്നും രണ്ടും മൂന്നും വെള്ളച്ചാട്ടത്തിലേക്ക് എത്തുവാൻ ഏകദേശം ഒരുകിലോമീറ്ററോളം നടന്നുപോകണം. നിലവിൽ ഈ ഭാഗങ്ങളിൽ കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുണ്ട്. ആനക്കുട്ടിയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആനക്കുട്ടം പെട്ടെന്ന് മാറിപ്പോകുവാൻ സാധ്യത കുറവായതിനാൽ സന്ദർശകർക്ക് സുരക്ഷാ ഭീഷണിയുമുണ്ട്.ഈ സാഹചര്യത്തിൽ രാവിലെ ഒൻപത് മുതൽ 11 വരെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഗൈഡുമാരെ ഉപയോഗിച്ച് ഒന്നാം ഗ്രൂപ്പായും 11.00 മുതൽ ഒരുമണിവരെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഗൈഡുമാരെ ഉപയോഗിച്ച് രണ്ടാം ഗ്രൂപ്പായും കൊണ്ടുപോകുന്ന രീതിയിലാക്കി. കൂടാതെ, നിർത്തിവെച്ചിരുന്ന തുഷാരഗിരി മുതൽ തേൻപാറ വരെയുള്ള ട്രക്കിങ് ആഴ്‌ചയിൽ മൂന്ന് ദിവസം എന്ന രീതിയിൽ തുടങ്ങാമെന്നും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!