പാറശ്ശാല : ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയിൽ വച്ച് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി സുഖം പ്രാപിപ്പിച്ചു വരുന്നു. കൂടുതൽ ചികിത്സക്കായി വിദ്യാർഥിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെങ്കല്‍ പൊറ്റയില്‍ വടക്കേ പറമ്പില്‍ കോട്ടമുറിയില്‍ ഷിബു-ബീന ദമ്പതികളുടെ മകള്‍ ഏഴാം ക്ലാസ് വിദ്യാർഥിനി നോഖക്ക് (12) ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റത്.ആഘോഷം നടക്കുന്നതിനിടെ, ക്ലാസ് മുറിയിലെത്തിയ പാമ്പിനെ നോഖ അബദ്ധത്തിൽ ചവിട്ടിയതിനെ തുടര്‍ന്ന് കടിയേൽക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത ചെങ്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന്, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.ചെങ്കല്‍ ഗവ. ഹൈസ്കൂള്‍ 1961ലാണ് പ്രവർത്തനം ആരംഭിച്ചത്. സ്കൂളിന്റെ വിവിധ ഭാഗങ്ങൾ കാടുകയറിയ നിലയിലാണെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് പരാതിയുണ്ട്.