ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ഇന്ന് മാതൃ അതിരൂപതയായ ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളിലാണ് സ്വീകരണ ചടങ്ങ്. കോളജങ്കണത്തിലെത്തുന്ന കര്‍ദിനാളിനെയും മറ്റ് വിശിഷ്ടാതിഥികളെയും ഇത്തിത്താനം ആശാഭവന് സ്പെഷല്‍ സ്കൂളിലെ കുട്ടികളുടെ ബാൻഡുമേളത്തിന്റെയും തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഇടവകാംഗങ്ങള്‍ ഒരുക്കുന്ന ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കാവുകാട്ട് ഹാളിലേക്ക് ആനയിക്കും.ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഹൈദരാബാദ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്യും.ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന്, ശശി തരൂര്‍ എംപി, ശിവഗിരി ശ്രീനാരായണധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കൃഷ്ണകുമാരി രാജശേഖരന് എന്നിവര്‍ പ്രസംഗിക്കും.സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരം സമര്‍പ്പിക്കും. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് നന്ദിയര്‍പ്പിക്കും.