കല്‍പ്പറ്റ : ബി.ജെ.പി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ. പി. മധു കോണ്‍ഗ്രസില്‍. വയനാട് ഡി.സി.സി ഓഫിസിലെത്തിയ മധുവിന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്‍ അംഗത്വ രശീത് കൈമാറി. ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സണ്ണി ജോസഫ് എം.എൽ.എ, മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്.ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്‍റെ പുറത്തല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി. മധു പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട്ടിലെ വന്യജീവി ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി. മധു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്നാണ് മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബി. ജെ. പി മാറ്റിയത്. ളോഹയിട്ട ചിലരാണ് പുൽപള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ. പി. മധു ബി.ജെ.പിയിൽ നിന്ന് രാജിവെക്കുന്നത്.