ശബരിമലയിൽ ഭക്തജന പ്രവാഹം; തീർത്ഥാടകരുടെ എണ്ണം കാൽ കോടി പിന്നിട്ടു

ശബരിമല : മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ശബരീശ ദർശനത്തിനായി എത്തിയ തീർത്ഥാടകരുടെ എണ്ണം കാൽക്കോടി കടന്നു. ബുധനാഴ്ച രാത്രി 11 മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 26,08,349 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടു മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 31275 ഭക്തർ ദർശനത്തിനായി എത്തി. കഴിഞ്ഞ ഒരാഴ്ച കാലമായി പ്രതിദിനം തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ശബരിമലയിലേക്ക് എത്തുന്നുണ്ട്.മണ്ഡലപൂജയുടെ ഭാഗമായി ഭഗവാന് ചാർത്തുവാനുള്ള തങ്കഅങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 22 ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 25ന് വൈകിട്ട് ആറിന് മണിക്ക് സന്നിധാനത്ത് എത്തും. തുടർന്ന് വൈകിട്ട് ആറരയ്ക്ക് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. മണ്ഡലകാല ഉത്സവത്തിലെ പ്രധാന ചടങ്ങായ മണ്ഡലപൂജ 26ന് ഉച്ചയ്ക്ക് നടക്കും. തുടർന്ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിനങ്ങൾ നീണ്ടുനിന്നന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിക്കും. മകരവിളക്ക് ഉത്സവത്തിനായി മുപ്പതിന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും.തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ശരംകുത്തി മുതൽ തീർത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഏതാണ്ട് എല്ലാ സമയവും വലിയ നടപന്തൽ തീർത്ഥാടകരെ കൊണ്ട് തിങ്ങി നിറഞ്ഞ നിലയിലാണ്. നെയ്യഭിഷേകത്തിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!