കേരള വനം നിയമ ഭേദഗതി: പ്രതിപക്ഷ നേതാവിന് ഇന്‍ഫാം നിവേദനം നല്‍കി

പാറത്തോട്: കേരള വനംവകുപ്പ്  2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍
ആധികാരികമായി പ്രസിദ്ധീകരിച്ച വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്ലിലെ
ഭേദഗതികള്‍  നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഭാരവാഹികള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നല്‍കി. 1961
ലെ കേരള ഫോറസ്റ്റ് ആക്ട് പരിഷ്‌കരിക്കുന്നതിനു മുന്നോടിയായുള്ള കരട്
വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക സമൂഹം ഏറെ
ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നു നിവേദനത്തില്‍ പറയുന്നു.
 നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ്
ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര
ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്
പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നത്. ഇത് രാജ്യത്തെ നിലവിലുള്ള
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. യാതൊരു ഉപാധിയും കൂടാതെ ഒരാളെ
അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുവാനുള്ള അധികാരം നല്‍കുന്ന ഈ നിയമം
വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ഫോറസ്റ്റ്
ആക്ടിലെ സെക്ഷന്‍ 52ലും 63ലും ആണ് പ്രധാനമായും പുതിയ ഭേദഗതികള്‍
വരുത്തിയിരിക്കുന്നതെന്നും ഈ ഭേദഗതികള്‍ നിലവില്‍ വന്നാല്‍ കര്‍ഷകരും
ജനങ്ങളും പലവിധ കാരണങ്ങളാല്‍ ദുരിതത്തിലാകുമെന്നും നിവേദനത്തില്‍
ചൂണ്ടിക്കാണിക്കുന്നു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ്
മറ്റമുണ്ടയില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം
മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, വൈസ്
പ്രസിഡന്റ് ബേബിച്ചന്‍ ഗണപതിപ്ലാക്കല്‍, ജോയിന്റ് സെക്രട്ടറി ജോമോന്‍
ചേറ്റുകുഴി, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ എന്നിവര്‍ ചേര്‍ന്നാണ്
നിവേദനം നല്‍കിയത്. ഫോട്ടോ….കേരള വനംവകുപ്പ്  കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ച വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്ലിലെ ഭേദഗതികള്‍  നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട്
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയ്ക്കുവേണ്ടി പ്രസിഡന്റ് അഡ്വ.
എബ്രഹാം മാത്യു പന്തിരുവേലില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം
നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!