എരുമേലി :എരുമേലി പഞ്ചായത്ത് അംഗം ലിസി സജി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മനഃപൂർവം വോട്ട് അസാധുവാക്കിയതാണെന്ന് കോൺഗ്രസ് നേതൃത്വം. ലിസി സജിയെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി നേതൃത്വം അറിയിച്ചു.
ലിസിയോട് വിശദീകരണം ആവശ്യപ്പെട്ട് നേതൃത്വം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലിസി ഇതിന് മറുപടി നൽകിയില്ല. തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കി. വോട്ടെടുപ്പ് സമയത്ത് ചേച്ചി നെഞ്ചുവേദനയായി ആശുപത്രിയിൽ ആണെന്ന് ഫോണിൽ അറിഞ്ഞപ്പോഴുണ്ടായ ടെൻഷൻ മൂലം വോട്ട് അസാധു ആയതെന്നാണ് ലിസി പുറത്തു പറഞ്ഞിരുന്നത്. എന്നാൽ തന്റെ വോട്ട് കൊണ്ടല്ല ഭരണം പോയതെന്ന് ലിസി ഫേസ്ബുക്കിൽ നൽകിയ പോസ്റ്റ് വ്യക്തമാക്കുന്നത് മനഃപൂർവം വോട്ട് അസാധു
ആക്കിയതാണെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ എന്തും
ആകാമെന്ന് ആരും കരുതേണ്ടന്നും അച്ചടക്കം ലംഘിക്കുന്നത് ആരായാലും നടപടി
നേരിടേണ്ടി വരുമെന്നും നേതൃത്വം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെയും
വോട്ട് ചെയ്ത ജനങ്ങളെയും വഞ്ചിച്ച് ഇടതുപക്ഷത്തിന്റെ കൂടെ കൂടി പഞ്ചായത്ത്
പ്രസിഡന്റ് സ്ഥാനം നേടിയ സുബി സണ്ണി ഇപ്പോൾ കൂറുമാറ്റത്തിന് തെരഞ്ഞെടുപ്പ്
കമ്മീഷനിൽ അയോഗ്യതയുടെ നിയമ നടപടി നേരിടുകയാണെന്ന് കോൺഗ്രസ് നേതൃത്വം
പറഞ്ഞു.
