മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കാർഷിക വികസന പദ്ധതിയായ “ഫലസമൃദ്ധി പൂഞ്ഞാർ” എന്ന പദ്ധതിയെ സംസ്ഥാന കൃഷി വകുപ്പ് പ്രത്യേക ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് സബ്സിഡി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം പ്ലാവ്,റംബൂട്ടാൻ, ഫിലോസാൻ,അവോക്കാഡോ, മങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 100 കൃഷിക്കാരെയാണ് ഒന്നാം ഘട്ടമായി ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഫലസമൃദ്ധി പദ്ധതി പ്രകാരം ഫലവൃക്ഷ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടർ ഒന്നിന് മുപ്പതിനായിരം രൂപ പ്രകാരമാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ കൃഷികൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടക്കം കുറിച്ചു കഴിഞ്ഞതായും, ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കൃഷിക്കാർക്കും അർഹമായ സബ്സിഡി തുക ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു .