യുഡിഎഫിനെ സഹായിക്കാൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വ്യാജ വാർത്ത:ജോസ് കെ മാണി  എം പി

ന്യൂ ദൽഹി :കേരള കോൺഗ്രസ് (എം) നെ സംബന്ധിച്ച് ഇന്ന് വന്ന വാർത്ത പൂർണമായും വ്യാജവാർത്ത ആണെന്ന് ജോസ് കെ മാണി  എം പി . യുഡിഎഫിനെ സഹായിക്കാൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വ്യാജ വാർത്തയാണിത് . ഈ വാർത്ത പൂർണ്ണമായും സത്യവിരുദ്ധമാണ്.കഴിഞ്ഞ 60 വർഷമായി കേരള രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ച കേരള കോൺഗ്രസ് എം മുന്നണി മാറാൻ പോകുന്നു എന്ന അതീവ ഗൗരവകരമായ ഒരു വാർത്ത സൃഷ്ടിക്കുന്നതിന് മുമ്പ് സാധാരണഗതിയിൽ മാധ്യമപ്രവർത്തകർ നടത്താറുള്ള പ്രാഥമികമായ സ്ഥിരീകരണം പോലും ഇതുമായി ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല.യുഡിഎഫിലേക്ക് ഉള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജണ്ടയിൽ പോലുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അവിഭാജ്യ ഘടകമായ കേരള കോൺഗ്രസ് എം മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക പോകുക തന്നെ ചെയ്യും. ഈ വാർത്ത ആരംഭിക്കുന്നത് കേരള കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ മുന്നണി മാറുന്ന ശീലമുള്ള ഒരു പാർട്ടി എന്ന് പറഞ്ഞു കൊണ്ടാണ് .എല്ലാവർക്കും അറിയാവുന്നതുപോലെ കേരള കോൺഗ്രസ് എം നെ 2020 ജൂൺ മാസം 29ന് അന്നത്തെ യുഡിഎഫ് കൺവീനറായ ബെന്നി ബഹനാൻ പത്രസമ്മേളനം നടത്തി പുറത്താക്കിയതാണ്. വസ്തുത ഇതായിരിക്കെ ഇത് സംബന്ധിച്ച വാർത്തയുടെ ആമുഖം നീണ്ട 40 വർഷത്തോളം യുഡിഎഫിനോടൊപ്പം ഉറച്ചുനിന്ന മാണി സാറിനെ തന്നെ അവഹേളിക്കുന്നതും ചരിത്രത്തെ തന്നെ നിഷേധിക്കുന്നതുമാണ്.ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് യുഡിഎഫിനെ സഹായിക്കുന്ന ഇത്തരം വ്യാജ വാർത്തകളും പ്രചരണങ്ങളും പാർട്ടി പൂർണമായും തള്ളുന്നു,കേരളാ കോൺഗ്രസ് എം ചെയർമാൻ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!