എരുമേലി: ഒരു രൂപയ്ക്ക് കിട്ടുന്ന ശരക്കോല്, കച്ച എന്നിവയ്ക്ക് എരുമേലിയിലെ കടകളിൽ 35 രൂപ. ഹോട്ടലിൽ മസാലദോശയ്ക്ക് 52 രൂപ. അമിത വില സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ ജില്ലാ കളക്ടറോടും പഞ്ചായത്തിനോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.പച്ചക്കറികളുടെയും പാചകവാതകത്തിന്റെയും തീവിലയില്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന താത്കാലിക ഹോട്ടലുകളില്‍ മസാലദോശയ്ക്ക് 52 രൂപയാണ് ഭക്ഷ്യ വിഭാഗം വില നിശ്ചയിച്ചു നൽകിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഊണിന് 72 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.അതേസമയം, കേവലം ഒരു രൂപയ്ക്ക് ലഭിക്കുന്ന പേട്ടതുള്ളല്‍ സാമഗ്രിയായ ശരക്കോലിന് 35 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്. പാഴ്വസ്തുക്കളിൽ നിർമിക്കുന്ന കിരീടം, കത്തി, ഗദ, കച്ച എന്നിവയ്ക്ക് ഓരോന്നിന്റെയും വില 35 രൂപയാക്കിയാണ് ജില്ലാ ഭരണകൂടം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.മാരകമായ രോഗങ്ങൾക്ക് സാധ്യത ഒരുക്കുന്ന രാസനിർമിത സിന്ദൂരം വിൽക്കുന്നത് നേരത്തെ നിരോധിക്കപ്പെട്ടതാണ്. പകരം ജൈവ സിന്ദൂരം വിൽക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ, ജൈവ സിന്ദൂരം വില കൂടുമെന്ന കാരണം ഉന്നയിച്ച് രാസനിർമിത സിന്ദൂരമാണ് വ്യാപകമായി വിൽക്കുന്നത്. അമിത വില പിൻവലിച്ച് ന്യായമായ വില നിശ്ചയിക്കണമെന്നും രാസ സിന്ദൂരം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കളക്ടറും എരുമേലി പഞ്ചായത്തും ഇത് സംബന്ധിച്ച് നാളെ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.മുന്‍കാലങ്ങളില്‍ 10 രൂപയ്ക്ക് വിറ്റിരുന്ന കടലാസ് കിരീടത്തിന് ഉള്‍പ്പെടെ വില കൂട്ടി നിശ്ചയിച്ചതില്‍ അപാകത പ്രകടമായിരുന്നു. കൃത്യമായ പഠനം നടത്താതെയാണ് വില ഏകീകരണം നടത്തിയതെന്നാണ് ആക്ഷേപം. കടലാസ് കിരീടം 60 പെസയ്ക്ക് തമിഴ്നാട്ടില്നിന്നെത്തിച്ച് 1.20 രൂപയ്ക്കാണ് കടകളില്‍ വില്‍ക്കുന്നത്. ഇത് ചില കടകളില്‍ 200 രൂപ വാങ്ങിയതായി പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വില ഏകീകരണം നടത്തിയത്. ഗുണനിലവാരം ഇല്ലാത്ത രാസസിന്ദൂരം വില്‍ക്കുന്നതിനും നിരോധനമുണ്ട്. ഇക്കാര്യത്തിലും ഹൈക്കോടതി അന്തിമമായ തീരുമാനം അടുത്ത ദിവസം എടുത്തേക്കുമെന്നാണ് സൂചന.