കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള സിപിഐ എം ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് ചൊവ്വ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഉദ്ഘാടനത്തിനുശേഷം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. മുതിർന്ന നേതാവ് കെ ജെ തോമസ് അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ മാളിയേക്കൽ പാലത്തിന് സമീപമുള്ള 13 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ്. പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില കെട്ടിടം ലിഫ്റ്റ് സൗകര്യത്തോടെയാണ് നിർമിച്ചത്. താഴത്തെ നിലയിൽ റിസപ്ഷൻ, ഏരിയ സെക്രട്ടറിയുടെ ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ്, ഓപ്പൺ ലൈബ്രറി, മിനി കോൺഫറൻസ് ഹാൾ, അടുക്കള എന്നിവ പ്രവർത്തിക്കും. രണ്ടാമത്തെ നിലയിൽ രണ്ട് മിനി കോൺഫറൻസ് ഹാളുകളും പാലിയേറ്റീവ് കെയർ സ്റ്റോറുകളും സോഷ്യൽ മീഡിയാ സ്റ്റുഡിയോയും മൂന്നാമത്തെനിലയിൽ 500 പേർക്ക് ഇരിക്കാവുന്ന ശബ്ദ ക്രമീകരണ സംവിധാനമുള്ള ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.കാഞ്ഞിരപ്പള്ളി ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 225 ബ്രാഞ്ചുകളിലെ 3550 സിപിഐ എം അംഗങ്ങൾ, പാർടി അനുഭാവികൾ, പാർടി ബന്ധുക്കൾ എന്നിവിടങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് പുതിയമന്ദിരം നിർമിച്ചത്. സിപിഐ എമ്മിന്റെ മുതിർന്നനേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് ചെയർമാനും കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഷാനവാസ് ട്രഷററുമായുള്ള കമ്മിറ്റിക്കായിരുന്നു നിർമാണചുമതല.പൊതുസമ്മേളനത്തിനുശേഷം ആലപ്പൂഴ ബ്ലു ഡയമണ്ട്സിന്റെ ഗാനമേളയും ഉണ്ട്.