പെർത്ത് : ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ ആസ്ട്രേലിയ 238 റൺസിന് എല്ലാവരും പുറത്തായി. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. റൺസിന്‍റെ അടിസ്ഥാനത്തിൽ ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് 89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 47 റൺസ് നേടി. മൂന്ന് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ കങ്കാരുക്കളെ വരിഞ്ഞ്മുറുക്കിയിരുന്നു.മൂന്നാം ദിനം കളി അവസാനിക്കുന്ന അവസാന വേളകളിൽ തന്നെ ഇന്ത്യ മത്സരത്തിന്‍റെ വിധിയെഴുതിയിരുന്നു. 487 എന്ന കൂറ്റംൻ സ്കോറിൽ ഇന്നലെ മത്സരം അവസാനിരിക്കെ ഇന്ത്യ ഡിക്ലെയർ ചെയ്യുന്നു. ശേഷം ബാറ്റിങ്ങിനെത്തിയ ആസ്ട്രേലിയയുടെ ടോപ് ഓർഡറിലെ മൂന്ന് പേരെ പറഞ്ഞുവിട്ട് ഇന്ത്യ ആസ്ട്രേലിയയെ ബാക്ക്ഫൂട്ടിലാക്കുന്നു. മക്സ്വീനിയെയും മാർനസ് ലബുഷെയ്നെയും ബുംറ പറഞ്ഞയച്ചപ്പോൾ നൈറ്റ് വാച്ച്മാൻ കമ്മിൻസിനെ സിറാജ് പുറത്താക്കി. 12ന് മൂന്ന് എന്ന നിലയിൽ നാലാം ദിവസം ആരംഭിച്ച ആസ്ട്രേലിയക്ക് അഞ്ച് റൺസ് നേടുന്നതിനിടെ ഉസ്മാൻ ഖവാജയെയും നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഹെഡ് ഇന്ത്യൻ ബൗളർമാരെ കണക്കിന് മർദിച്ചു. സ്റ്റീവ് സ്മിത്തിനെ (17) സാക്ഷിയാക്കിയായിട്ടായിരുന്നു ഹെഡിന്‍റെ മുന്നേറ്റം. പിന്നീടെത്തിയ മാർഷും മികച്ച പിന്തുണ നല്കി. അലക്സ് കാരി 36 റൺസ് നേടി. നായകൻ ബുംറയാണ് ഹെഡിനെ പുറത്താക്കിയത്.
വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റും നേടി ആസ്ട്രേലിയൻ തകർച്ച പൂർത്തിയാക്കി.
സ്കോർ ആദ്യ ഇന്നിങ്സ്- ഇന്ത്യ 150/10, ആസ്ട്രേലിയ 104/10,
സ്കോർ രണ്ടാം ഇന്നിങിസ്- ഇന്ത്യ 487/6 ഡിക്ലെയർ, ആസ്ട്രേലിയ 238/10