തിരുവനന്തപുരം: ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം കൊല്ലം ജില്ല കരസ്ഥമാക്കി.
മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകൾ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധനവ്, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.