ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാനവന്നത്. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി. . ബുധനാഴ്ച വൈകുനേരം അഞ്ചുമണിയോടെയാണ് സംഭവം.
ബസ് സ്‌റ്റോപ്പിൽ ഇരുപതോളം സ്കൂൾ വിദ്യാർഥികൾ ഉണ്ടായിരുന്നു. സമീപത്തെ തോട്ടത്തിൽനിന്ന് കാട്ടാന ഇവർക്കുനേരെ ഓടി അടുക്കുകയാണുണ്ടായത്. കുട്ടികളുടെ ശബ്ദം കേട്ട് അധ്യാപകരും നാട്ടുകാരും ഓടിയെത്തി ബഹളം വച്ചതോടെ ആന അടുത്തുള്ള യൂക്കാലി തോട്ടത്തിലേക്ക് പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.