ഏലക്കാവില 
2600 കടന്നു, 
പച്ച ഏലക്കയ്ക്ക് 
500 വരെ

കട്ടപ്പന : ഏലക്കാ വിലയിൽ വീണ്ടും ഉണർവ്. സ്‌പൈസസ് ബോർഡിന്റെ  ഇ- ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ ഉണ്ടായ 200 രൂപയുടെ വർധന കർഷകർക്ക് നേരിയ പ്രതീക്ഷനൽകുന്നു.

ഹൈറേഞ്ചിലെ കമ്പോളത്തിൽ 2500നും 2550നുമിടയിൽ വില ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ നടന്ന ശാന്തൻപാറ സിപിഎ ഏജൻസിയുടെ ലേലത്തിൽ ഉയർന്ന വില 2806 ഉം ശരാശരി 2579.24 രൂപയുമാണ്. 134 ലോട്ടുകളിലായി പതിഞ്ഞ 28,605 കിലോ ഏലക്കയിൽ 28,085 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ ഉയർന്ന വില 3148 രുപയും ശരാശരി 2660.82 ആണ്. 315 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 96,026 കിലോ ഏലക്കയിൽ 95,543 കിലോയും വിറ്റുപോയി. ഏപ്രിൽ അവസാനത്തോടെയാണ് വില 2000 കടന്നത്. പിന്നീട് ഇടിവുണ്ടായിട്ടില്ല. വലിയ സീസണിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്. വരൾച്ചയെ തുടർന്നുണ്ടായ വൻകൃഷിനാശം ഉൽപാദനം ഗണ്യമായി കുറച്ചതോടെ ഇപ്പോഴത്തെ വില വർധന കർഷകർക്ക് പ്രയോജനപ്പെടില്ല.

ഭൂരിഭാഗം കർഷകരും വിളവെടുക്കുന്ന ഉൽപന്നം അപ്പോൾതന്നെ വിൽക്കുന്നു. പച്ച ഏലക്കാവില 480 മുതൽ 500 രൂപ വരെയാണ്. വരൾച്ചയിൽ മാത്രം 60 ശതമാനത്തോളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്തെ കൃഷി നാമാവശേഷമായി 100 കോടിയിലധികം നഷ്‌ടമുണ്ടായി. അവശേഷിച്ചിരുന്ന ചെടികളിലെ ഉൽപന്നമാണിപ്പോൾ കമ്പോളങ്ങളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!