തൊടുപുഴ : നഗരത്തിലും വണ്ണപ്പുറത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ കണ്ട സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തൊടുപുഴയിൽ മങ്ങാട്ടുകവല, മത്സ്യമാർക്കറ്റ്, ബോയ്സ് ഹൈസ്കൂളിന് സമീപം, ഇടുക്കി റോഡ്, കിഴക്കേയറ്റം, ധന്വന്തരി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിലും വണ്ണപ്പുറം ടൗണിലുമാണ് തിങ്കളാഴ്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രീയ സൈനിക അടിച്ചമർത്തൽ വിരുദ്ധ പ്രചാരണ സമിതിയുടെ പേരിലുള്ള പോസ്റ്ററിൽ യു.എ.പി.എ ഭീകരനിയമം റദ്ദാക്കുക, മാവോയിസ്റ്റുകൾ രാജ്യദ്രോഹികളല്ല, യഥാർത്ഥ രാജ്യസ്നേഹികളാണ് എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെയൊരു സംഘടന നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു. പഴയ നക്സൽ സംഘടനകളുമായി ആഭിമുഖ്യമുള്ള ഒന്നോ രണ്ടോ പേർ പ്രതിഷേധസൂചകമായി ചെയ്ത പ്രവർത്തിയാണെന്നാണ് സൂചന. നിലവിൽ കേസെടുത്തിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.