ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

തൃശൂർ/വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ്ആരംഭിച്ചു. പുലർച്ചെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. നിശബ്ദ പ്രചാരണദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും യു.ഡി.എഫിന്റെ രമ്യാ ഹരിദാസും നേർക്കുനേർ ഏറ്റുമുട്ടുന്ന ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങിയത്.

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി സ്ഥാനം രാജിവച്ച വയനാട്ടിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എൽ.ഡി.എഫിനായും, ബി.ജെ.പിയുടെ നവ്യഹരിദാസാണ് എൻ.ഡി.എയ്‌ക്കായും കളത്തിലുണ്ട്.

ചേലക്കരയിൽ 85 പിന്നിട്ട വൃദ്ധരും ഭിന്നശേഷിക്കാരും വീട്ടിൽ വോട്ടിട്ടു. 85 കഴിഞ്ഞ 925 പേർ വോട്ടിട്ടു. ആകെ 1375 വോട്ട് പോൾ ചെയ്തു. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരിൽ 450 പേരും വോട്ടിട്ടു. വോട്ടിടുന്നത് വീഡിയോയിൽ പകർത്തി. വയനാട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്യാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മുതൽ ഇന്ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ലെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിംഗ് സ്‌ക്വാഡ് എന്നിവർ രംഗത്തുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

4 thoughts on “ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!