പിപി ദിവ്യക്കെതിരെ സിപിഎം നടപടി, കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനത്തിന് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം

തിരുവനന്തപുരം: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടിയന്തര ഓൺലൈൻ യോഗത്തിലാണ് തീരുമാനം. പാർട്ടി പദവികളിൽ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്യേശ്യപരമായ നിലപാടെന്നായിരുന്നു കണ്ണൂർ സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ പത്തനംതിട്ട സിപിഎം ഘടകം ദിവ്യയ്ക്കെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ, നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ദിവ്യയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഉള്‍പ്പെടെ ഒരുഘട്ടത്തില്‍ സിപിഎം പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!