മുണ്ടക്കയം : ദീർഘകാലമായി മുണ്ടക്കയത്തെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്ന മുണ്ടക്കയം സബ് ട്രഷറി നിർമ്മിക്കുന്നതിന് 1.75 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുന്നതിന് സജ്ജമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇപ്പോൾ തികച്ചും അസൗകര്യങ്ങളോടെ വാടക കെട്ടിടത്തിൽ രണ്ടാം നിലയിൽ ട്രഷറി പ്രവർത്തിക്കുന്നത് മൂലം പ്രായാധിക്യമുള്ള പെൻഷൻകാർ ഉൾപ്പെടെ ഏറെ ദുരിതമനുഭവിച്ചിരുന്നു. റോഹാസ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം എന്ന സ്ഥാപനമാണ് ടെൻഡർ പിടിച്ച് കരാർ ഒപ്പു വച്ചിട്ടുള്ളത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ HLL ലൈഫ് കെയർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപം നിലവിൽ തിലകൻ സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുക . ഒരു വർഷമാണ് നിർമ്മാണ പൂർത്തീകരണ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത് എങ്കിലും അതിനുമുമ്പായി തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലിനെ ക്ഷണിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.