വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും

പമ്പ : ശബരിമല തീർഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പാടാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് തീരുമാനം. 40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനിൽനിന്നും 10 കിലോമീറ്ററിനകത്താണെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.പമ്പയിൽനിന്നും ആവശ്യത്തിന് ഭക്തർ ബസിൽ കയറിയാൽ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും. മോട്ടർ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകൾ 250 കിലോ മീറ്റർ ദൈർഘ്യത്തിലുണ്ടാകും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആറു ഭാഷകളിലായി പ്രമോ വിഡിയോ ചെയ്യും. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി സ്ഥലങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായൺ, കലക്ടർ എസ് പ്രേംകൃഷ്ണൻ, ശബരിമല എഡിഎം അരുൺ എസ്.നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തമിഴ്‌നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!